മനോഭാവം മാറ്റി ജീവിതം തന്നെ മാറ്റാം
സന്തോഷവും ദുഃഖവും നിരാശയുമെല്ലാം മനുഷ്യമനസ്സിന്റെ ഓരോ ഭാവങ്ങളാണ്. മനസ്സിൽക്കൂടി കടന്നുപോകുന്ന ചിന്തകളാൽ രൂപപ്പെട്ടതാണ് ആ ഭാവങ്ങൾ. അതുകൊണ്ടുതന്നെ താൻ സന്തോഷവാനാണെന്നു വിശ്വസിക്കുന്ന ഒരുവനെ മറ്റാർക്കും ദുഃഖിതനോ നിരാശനോ ആക്കാൻ കഴിയില്ല.
ഏതാനും വർഷം മുൻപ് എന്റെ രണ്ട് ഉറ്റ സുഹൃത്തുക്കൾക്കൊപ്പം ഞാൻ കെഎസ്.ആർ.ടി.സി ബസ്സിൽ പത്തനംതിട്ടയിൽ നിന്നും ഒരു ഗവി യാത്ര നടത്തുകയുണ്ടായി. കുമളിയ്ക്കു പോകുകയായിരുന്ന ആ ബസ് ഗവി മേഖലയിൽ എത്തിയപ്പോൾ ഒരു നാടോടി കുടുംബം ആ ബസ്സിൽ കയറി. അച്ഛനും അമ്മയും നാല് കുഞ്ഞുങ്ങളും അടങ്ങുന്ന ഒരു കുടുംബം. കാട്ടിൽ തേൻ ശേഖരിച്ചു വിൽപ്പന നടത്തി ഉപജീവനം നടത്തിവന്ന ഒരു കുടുംബമാണെന്ന് അവർ കൂടെ കരുതിയിരുന്ന സാധന സാമഗ്രികളിൽനിന്നും മനസ്സിലായി. അവരുടെയെല്ലാവരുടെയും മുഖത്ത് വലിയ സന്തോഷവും സംതൃപ്തിയും നിഴലിച്ചിരുന്നു. നാട്ടിലെ ചില കുടുംബഫോട്ടോകളിൽ അല്ലാതെ എല്ലാ കുടുംബാംഗങ്ങളേയും ഒരുപോലെ ഇത്രയും സന്തോഷത്തോടുകൂടി ഒരേ ഫ്രെയിമിൽ ഞാൻ ഇതേവരെ കണ്ടിട്ടില്ല. അവരിൽ കൂടുതൽ സന്തോഷം ആർക്കാണെന്നു കണ്ടുപിടിക്കാൻ ഞാനൊരു ശ്രമം നടത്തി; പരാജയപ്പെട്ടു. എല്ലാവരും ഒന്നിനൊന്നു മെച്ചം! എന്തുകൊണ്ട് എല്ലാ സുഖസൗകര്യങ്ങളുടെയും നടുവിൽ താമസിക്കുന്ന നമ്മുക്ക് ഈ സന്തോഷം ലഭിക്കുന്നില്ല?
സത്യത്തിൽ നമ്മുക്ക് ലഭിച്ചിട്ടുള്ള നന്മകളെ ഓർത്താൽ മാത്രം മതി സന്തോഷം ലഭിക്കാൻ. ഒന്നുമില്ലായ്‌മയിൽ നിന്നും നമ്മളെ ഇപ്പോഴത്തെ സാഹചര്യത്തിൽ എത്തിച്ച കൃപയെ ഓർത്താൽ നമ്മുടെ ഹൃദയം സന്തോഷം കൊണ്ട് തുള്ളിച്ചാടും. പക്ഷെ നമ്മുക്ക് കിട്ടിയ നന്മകളെ ഓർത്ത് സന്തോഷിക്കാൻ നമ്മുക്ക് വലിയ ഭയമാണ്. നമ്മുടെ സന്തോഷം കണ്ട് ദൈവം കോപിച്ചാലോ എന്ന ഭയം! സന്തോഷം ദൈവത്തിനിഷ്ടമല്ലായെന്ന് നാം വിശ്വസിക്കുന്നു. കരയുന്ന കുഞ്ഞിനേ പാലുള്ളൂ, നീ അനുതാപത്തോടും കണ്ണുനീരോടും കൂടി പ്രാർത്ഥിക്കണം, നിന്റെ തലയിണ എപ്പോഴും കണ്ണീർകൊണ്ട് നനഞ്ഞിരിക്കണം എന്നൊക്കെയുള്ള ആപ്തവാക്യങ്ങളിൽ വിശ്വസിച്ചു നാം ദൈവത്തിന്റെ മുൻപിൽ ഇല്ലാത്ത ദുഃഖവും നിരാശയും അഭിനയിക്കുന്നു. ഒരു കാലത്ത് നമ്മളെക്കാൾ കുറഞ്ഞ സൗകര്യങ്ങൾ ഉണ്ടായിരുന്നവർക്ക് ഇപ്പോൾ നമ്മളെക്കാൾ കൂടുതൽ സൗകര്യങ്ങളായി. ഈ ആസന്തുലിതാവസ്ഥ ദൈവത്തെ ബോധ്യപ്പെടുത്തണ്ടേ? അതിനു അൽപ്പം കണ്ണീരൊക്കെയാവാം എന്ന ചിന്ത! സത്യത്തിൽ നമ്മുടെ സങ്കല്പത്തിലെ ദൈവം എത്ര ബലഹീനനാണ്!
സത്യത്തിൽ ഈ മനോഭാവം ആണ് മനുഷ്യന്റെ സന്തോഷം കെടുത്തുന്നത്. നമ്മുടെ ആവശ്യങ്ങൾ ഓരോന്നും ലഭിച്ചുകഴിയുമ്പോൾ നമ്മൾ മറ്റൊരാവശ്യം മുൻപോട്ട് വെയ്ക്കും. എല്ലാം ലഭിച്ചു കഴിഞ്ഞാലേ നാം സന്തോഷിക്കൂ എന്ന് വാശി പിടിക്കുന്നു. അതായത്, സന്തോഷത്തെ നമ്മൾതന്നെ എപ്പോഴും അകലെ നിർത്തുന്നു. ഇതു മതി, ആവശ്യത്തിനായി എന്നൊക്കെ ചിന്തിക്കുവാനും ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനും നാം ശീലിക്കേണ്ടിയിരിക്കുന്നു.
ഭാഗ്യവാശാൽ മനോഭാവം മാറ്റുവാൻ കൂടുതൽ സമയമോ ഭഗീരഥ പ്രയത്നമോ ഒന്നും ആവശ്യമില്ല. “ഒരു വ്യക്തിക്ക് അവന്റെ മനോഭാവം മാറ്റുന്നതിൽക്കൂടി അവന്റെ ജീവിതം മാറ്റുവാൻ കഴിയും എന്നതാണ് നാം ജീവിക്കുന്ന കാലഘട്ടത്തിലെ ഏറ്റവും വലിയ കണ്ടുപിടിത്തം“ എന്ന് വില്യം ജെയിംസ് എന്ന ചിന്തകൻ നിരീക്ഷിച്ചിട്ടുണ്ട്.
മനോഭാവം മാറ്റുവാൻ ഒരേയൊരു കഴിവ് മാത്രമേ മനുഷ്യനാവശ്യമുള്ളൂ. മനസ്സിൽകൂടി കടന്നുപോകുന്ന അനേകായിരം ചിന്തകളുടെ മേലുള്ള കടിഞ്ഞാൺ അവന്റെ കയ്യിലായിരിക്കണം. അതായത് മനസ്സിനെ നിയന്ത്രിക്കുവാനുള്ള കഴിവ് ഏത് വ്യക്തിക്കുണ്ടോ അവന് അവന്റെ മനോഭാവം മാറ്റുവാനുള്ള കഴിവും ഉണ്ടാവും. ഈ കഴിവ് പ്രയോജനപ്പെടുത്തിയവർ സംതൃപ്തമായ ജീവിതം നയിക്കും. അതേസമയം, മനസ്സിനെ നിയന്ത്രിക്കാൻ കഴിയാത്തവരുടെ ജീവിതം അങ്ങേയറ്റം ദുരിതപൂർണ്ണമായിരിക്കുകയും ചെയ്യും. ഒരു മനുഷ്യന്റെ ഏറ്റവും വലിയ ശത്രു അവന്റെ നിയന്ത്രണത്തിൽ നിലക്കാത്ത മനസ്സാണ്.
ഓരോ ദിവസവും കൂട്ട ആൽമഹത്യകളുടേയും കൊലപാതകങ്ങളുടെയും വാർത്തകൾ നാം കേൾക്കുന്നു. പ്രണയ നൈരാശ്യം മൂലം ചിലർ കാമുകിയെ വെട്ടിക്കൊല്ലുന്നു, അല്ലെങ്കിൽ ആസിഡ് ഒഴിച്ച് മുഖം വികൃതമാക്കുന്നു. എല്ലാം മനസ്സിനെ നിയന്ത്രിക്കാൻ കഴിയാത്തവരുടെ വിക്രിയകളാണ്. മനോഭാവത്തിൽ മാറ്റം വരുത്താൻ കഴിവില്ലാത്തവരുടെ നിസ്സഹായതയും നിരാശയുമാണ് അവരെ ഈ സാഹചര്യങ്ങളിൽ എത്തിക്കുന്നത്.
വിനാശകരമായ ചിന്തകളെ നിയന്ത്രിച്ചു മനസ്സിനെ കീഴടക്കി നമ്മുടെ മനോഭാവം മാറ്റി സംതൃപ്തമായ ജീവിതം നയിക്കുവാൻ നമ്മുക്ക് ശീലിക്കാം.
Comments
Post a Comment